Home » Blog » Kerala » സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ സസ്‌പെൻഡ് ചെയ്തു
18

മുംബൈ: സ്വാതന്ത്ര്യദിനത്തിൽ 26 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ സസ്‌പെൻഡ് ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ 6 മണിയോടെ അപ്രത്യക്ഷമായ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കമ്പനി പുനഃസ്ഥാപിച്ചു. എന്നാൽ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചത്.

പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനും യുവാക്കൾക്കായുള്ള പ്രധാന പ്രഖ്യാപനങ്ങൾ നടത്തുന്നതിനും തൊട്ടുമുമ്പാണ് സിജെപിയുടെ അക്കൗണ്ടിന് പൂട്ട് വീണത്. സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും, ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും സംഭവത്തിന് ശേഷം സിജെപി വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തിൽ ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ‘സ്കൂൾ ഠീക് കരോ’ എന്ന ദേശീയ ക്യാമ്പയിന് സിജെപി തുടക്കമിട്ടു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സന്തുക് പിംപ്രി എന്ന സ്വന്തം ഗ്രാമത്തിൽ നിന്നാണ് അഭിജീത് ദിപ്കെ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ശൗചാലയവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളിലേക്ക് ഈ സമരം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.