സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ബസ് കൺസഷനുള്ള അപേക്ഷകൾ നിർബന്ധമായും മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്സ് ആപ്പ് വഴി നൽകണമെന്ന് കളക്ടറേറ്റ് സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് വി ശ്രീകുമാർ പറഞ്ഞു.കളക്ടറേറ്റിൽ എ ഡി എം ചേമ്പറിൽ നടന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. നിലവിൽ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ബസ് കൺസഷന് സ്ഥാപനത്തിന്റെ ഐഡി കാർഡ് മതിയാവും. യോഗത്തിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോ എ എസ് ഐ എ സുനിൽകുമാർ, ജില്ലാ ജോയിന്റ് ആർ റ്റി ഒ അജിത് ആൻഡ്രൂസ്, വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ കെ അനുരാജ്, കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ നാരായണ നായിക്, ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി ലക്ഷ്മണൻ ,ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ കാസര്‍കോട് താലൂക്ക് സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി, ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഗിരീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
