ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി യുവ ഓൾറൗണ്ടർ ആയുഷ് ബദോനിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കോച്ച് ഗൗതം ഗംഭീറിന്റെ താൽപ്പര്യപ്രകാരമാണ് ബദോനി ടീമിലെത്തിയതെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.
വാഷിങ്ടൺ സുന്ദറിനെപ്പോലൊരു സീനിയർ ഓൾറൗണ്ടർക്ക് പകരക്കാരനായി ആയുഷ് ബദോനിയെ തിരഞ്ഞെടുത്തത് ശരിയായ നടപടിയല്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവികാരം. ഗൗതം ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്ന കാലം മുതൽ ബദോനിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇതാണ് ടീം പ്രവേശനത്തിന് വഴിയൊരുക്കിയതെന്നുമാണ് വിമർശനം ഉയരുന്നത്.
ഡൽഹി താരമായ ബദോനിയുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ കണക്കുകൾ അത്ര മികച്ചതല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ നിന്ന് 36.47 ശരാശരിയിൽ 693 റൺസ് മാത്രമാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അർധസെഞ്ചുറിയും മാത്രമാണ് സമ്പാദ്യം. ബൗളിങ്ങിൽ 22 വിക്കറ്റുകൾ നേടിയിട്ടുണ്ടെങ്കിലും ഒരു പ്രൊഫഷണൽ ഓൾറൗണ്ടർ എന്ന നിലയിൽ സുന്ദറിന് പകരക്കാരനാകാൻ ബദോനിക്ക് കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. ആഭ്യന്തര ക്രിക്കറ്റിൽ ഇതിലും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ തഴഞ്ഞാണ് ഈ സെലക്ഷൻ എന്നും ആരോപണമുണ്ട്.
