ഭാവനയെയും റഹ്‌മാനെയും പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ‘അനോമി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറാണ്. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, പാരലൽ ഇൻവെസ്റ്റിഗേഷൻ രീതികളെ ക്രിയേറ്റീവായി അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് സൂചന. ‘സാറ’ എന്ന കരുത്തുറ്റ ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കുറ്റാന്വേഷണ വേഷങ്ങളിൽ തന്റേതായ മുദ്ര പതിപ്പിച്ച റഹ്‌മാൻ വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈകാരികമായ ആഴവും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ നിർമ്മാണ കമ്പനികളായ ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് നിർമ്മാണ പങ്കാളിയായ അവസാന ചിത്രം കൂടിയാണിത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ബ്ലിറ്റ്‌സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.
