Home » Blog » Kerala » സിഎസ്കെയുടെ ‘റിയൽ’ മാച്ച് വിന്നർ ആര്? സഞ്ജുവിനേക്കാൾ റുതുരാജിന് മുൻഗണന നൽകി അശ്വിൻ
images - 2026-03-27T173322.978

ഐപിഎൽ 2026 സീസണിന് നാളെ തിരിതെളിയാനിരിക്കെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ചെന്നൈ സൂപ്പർ കിങ്സിലേക്കാണ്. രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ പാളയത്തിലെത്തിയത് ടീമിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ടെങ്കിലും, ടീമിന്റെ യഥാർത്ഥ തുറുപ്പുചീട്ട് നായകൻ റുതുരാജ് ഗെയ്ക്വാദ് തന്നെയാണെന്ന് മുൻ താരം ആർ. അശ്വിൻ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം സിഎസ്കെയിൽ എത്തിയ സഞ്ജുവിനേക്കാൾ റുതുരാജിന്റെ റോളാണ് ടീമിന് നിർണ്ണായകമെന്നാണ് അശ്വിന്റെ പക്ഷം.

 

സിഎസ്കെയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ റുതുരാജ് ആണെന്നും ഇന്നിംഗ്സ് അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് അവന്റെ ചുമതലയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. റുതുരാജ് ഒരു വശത്ത് ഇന്നിംഗ്സ് നങ്കൂരമിട്ടു കളിക്കുമ്പോൾ മറുവശത്ത് സഞ്ജുവിനെപ്പോലുള്ള താരങ്ങൾക്ക് ആക്രമിച്ച് കളിക്കാൻ സാധിക്കുമെന്നും ഇത് ടീമിന്റെ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ പരിക്കുമൂലം പകുതിയോളം മത്സരങ്ങൾ നഷ്ടമായ റുതുരാജിന് ഇന്ത്യൻ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ ഈ സീസൺ ഏറെ പ്രധാനപ്പെട്ടതാണ്.

മാർച്ച് 28ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതേസമയം, സഞ്ജു സാംസണും റുതുരാജ് ഗെയ്ക്വാദും ചേർന്നായിരിക്കും ചെന്നൈ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്ന് റുതുരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സഞ്ജുവിന്റെ വരവോടെ മഞ്ഞപ്പടയുടെ ബാറ്റിംഗ് നിര കൂടുതൽ ശക്തമായത് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.