കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സിംഗപ്പൂർ കപ്പൽ കമ്പനിക്ക് വൻ തിരിച്ചടി. കേസിൽ കോസ്റ്റൽ പോലീസ് നടത്തുന്ന അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ടുമായി സിംഗപ്പൂർ പതാകയുള്ള ‘ഓറഞ്ച് വിക്ടോറിയ’ എന്ന കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.
തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായതെന്നും അതിനാൽ കോസ്റ്റൽ പോലീസിന് അന്വേഷണ അധികാരമില്ലെന്നുമുള്ള കപ്പൽ കമ്പനിയുടെ വാദം ഹൈക്കോടതി തള്ളി. അപകടം നടന്നത് ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലാണെന്നും, 2016-ലെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇത്തരം കേസുകൾ അന്വേഷിക്കാൻ കോസ്റ്റൽ പോലീസിന് പൂർണ്ണ അധികാരമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.
