അമേരിക്കയിൽ ലെറ്റൂസ്, മുട്ട എന്നിവയിലൂടെ പടരുന്ന രണ്ട് ശക്തമായ ഭക്ഷ്യവിഷബാധകൾ വലിയതോതിൽ ആരോഗ്യ ആശങ്ക ഉയർത്തുന്നു. സൈക്ലോസ്പോറ, സാൽമൊണെല്ല എന്നീ അണുബാധകളാണ് രാജ്യത്താകമാനം വേഗത്തിൽ പടർന്നുപിടിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രണ്ട് അണുബാധകളും വയറിളക്കവും വയറുവേദനയും ഉണ്ടാക്കുമെങ്കിലും, ഇവയുടെ ലക്ഷണങ്ങളും ശരീരത്തെ ബാധിക്കുന്ന രീതിയും വ്യത്യസ്തമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
വേഗത്തിൽ സാൽമൊണെല്ല; ‘സ്ലോ ബേൺ’ ആയി സൈക്ലോസ്പോറ
മലിനമായ ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം സാൽമൊണെല്ല ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ, സൈക്ലോസ്പോറ വളരെ സാവധാനത്തിലാണ് ബാധിക്കുന്നത്. അരിഞ്ഞ ഇലക്കറികളിലും ലെറ്റസിലുമാണ് ഈ പരാന്നഭോജി പ്രധാനമായും കാണപ്പെടുന്നത്. ലക്ഷണങ്ങൾ പുറത്തുകാണാൻ ഒരാഴ്ചയോളം സമയമെടുക്കും. ജലമയമായ വയറിളക്കം, അമിത തളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം പെട്ടെന്ന് കുറയൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കോഴിമുട്ടകളിൽ നിന്നാണ് സാൽമൊണെല്ല പ്രധാനമായും പടരുന്നത്. ഭക്ഷണം കഴിച്ച് 6 മണിക്കൂർ മുതൽ 6 ദിവസത്തിനകം ഇതിന്റെ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത വയറുവേദന, രക്തമടങ്ങിയ വയറിളക്കം എന്നിവയാണ് സാൽമൊണെല്ലയുടെ പ്രധാന ലക്ഷണങ്ങൾ.
ഉറവിടം കണ്ടെത്തൽ
‘ടെയ്ലർ ഫാംസ്’ വിതരണം ചെയ്തതും പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ടാക്കോ ബെൽ’ ഔട്ട്ലെറ്റുകളിൽ ഉപയോഗിച്ചതുമായ അരിഞ്ഞ ലെറ്റസിൽ നിന്നാണ് സൈക്ലോസ്പോറ പടർന്നതെന്ന് ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. ടെക്സസിലെ ‘മിഡ്വെസ്റ്റ് പൗൾട്രി സർവീസസ്’ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിച്ച മുട്ടകളിൽ നിന്നാണ് സാൽമൊണെല്ല ബാക്ടീരിയ പടർന്നുപിടിച്ചത്. അമേരിക്കൻ സെൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, മെയ് 1 മുതൽ രാജ്യത്തെ 41 സംസ്ഥാനങ്ങളിലായി 4,100-ലധികം ആളുകൾക്ക് സൈക്ലോസ്പോറ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയിൽ വിതരണം ചെയ്ത മുട്ടകളിലൂടെ 17 സംസ്ഥാനങ്ങളിലായി 98 പേർക്ക് സാൽമൊണെല്ല അണുബാധയും സ്ഥിരീകരിച്ചു.
കഴുകിയാൽ ലെറ്റസിലെ അണുക്കൾ പോകുമോ?
വെറും വെള്ളത്തിൽ കഴുകുന്നത് കൊണ്ട് ലെറ്റസിലെ സൈക്ലോസ്പോറ പരാന്നഭോജികളെ പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയില്ലെന്ന് യുഎസ് ഫെഡറൽ ആരോഗ്യ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇലകളുടെ മടക്കുകളിലും അരിഞ്ഞ ഭാഗങ്ങളിലും ഇവ ഉറച്ചുനിൽക്കുന്നതാണ് ഇതിന് കാരണം. കമ്പനികൾ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും ലക്ഷണങ്ങൾ തുടർച്ചയായി കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടാനും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
