കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിക്കുന്നു. ഒരു പവൻ സ്വർണ്ണത്തിന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ലിലെത്താൻ ഇനി വെറും 1120 രൂപയുടെ അകലം മാത്രമാണുള്ളത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭരണ വിപണിയിൽ വില ഇത്രമേൽ വർദ്ധിക്കാൻ കാരണമായത്.
ഇന്നത്തെ വിപണി നിലവാരം (2025 ഡിസംബർ 18)
ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വിലനിലവാരം ഇങ്ങനെ
22 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 12,360 രൂപ (പവൻ വില: 98,880 രൂപ)
18 കാരറ്റ് സ്വർണ്ണം: ഗ്രാമിന് 10,165 രൂപ (പവൻ വില: 81,320 രൂപ)
വെള്ളി: ഗ്രാമിന് 210 രൂപ (10 ഗ്രാമിന് 2100 രൂപ)
വാങ്ങുന്നവർ ശ്രദ്ധിക്കാൻ
ഇന്നത്തെ വിപണി വില 98,880 രൂപയാണെങ്കിലും, പണിക്കൂലിയും ജിഎസ്ടിയും സെസ്സും ചേർത്ത് ഒരു പവൻ ആഭരണം കയ്യിൽ കിട്ടുമ്പോൾ ഏകദേശം 1.08 ലക്ഷം രൂപ വരെ ചെലവ് വരും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായ 94,920 രൂപയേക്കാൾ 4,000 രൂപയോളമാണ് ഇപ്പോൾ കൂടിയിരിക്കുന്നത്.
വില കൂടാൻ കാരണങ്ങൾ
രാജ്യാന്തര വിപണി: സ്വർണ്ണവില ഔൺസിന് 4330 ഡോളറിലെത്തി നിൽക്കുന്നു. അടുത്ത വർഷം അവസാനത്തോടെ ഇത് 6000 ഡോളർ കടക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻ വില ഒന്നര ലക്ഷം കവിഞ്ഞേക്കും.
രൂപയുടെ മൂല്യം: ഡോളറിനെതിരെ രൂപയുടെ മൂല്യം 90.38 എന്ന നിലയിലേക്ക് ഇടിഞ്ഞത് സ്വർണ്ണത്തിന്റെ ഇറക്കുമതി ചിലവ് വർദ്ധിപ്പിച്ചു. ഡോളർ സൂചിക ഇനിയും ഉയർന്നാൽ രൂപ വീണ്ടും ഇടിയുകയും സ്വർണ്ണവില ഇനിയും കയറുകയും ചെയ്യും
