Home » Blog » kerala Max » സാങ്കേതിക തകരാറിൽ കുടുങ്ങി ട്രഷറികൾ; മണിക്കൂറുകളോളം ഇടപാടുകൾ തടസ്സപ്പെട്ടു, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതൽ നെറ്റ്‌വർക്ക് തകരാർ നേരിട്ടതിനെ തുടർന്ന് യാതൊരു വിധ സാമ്പത്തിക ഇടപാടുകളും നടത്താൻ സാധിക്കുന്നില്ല. സോഫ്റ്റ്‌വെയർ പ്രശ്നമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിശദീകരണം.

ഇടപാടുകൾ മാത്രമല്ല, ട്രഷറി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന ബയോമെട്രിക് സിസ്റ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. പെൻഷൻ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി രാവിലെ തന്നെ ട്രഷറികളിലെത്തിയ മുതിർന്ന പൗരന്മാരടക്കമുള്ളവർ ഇതോടെ വലിയ ദുരിതത്തിലായി.

രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ സംസ്ഥാനത്തെ ട്രഷറി പ്രവർത്തനങ്ങളിൽ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. അന്ന് മണിക്കൂറുകൾക്ക് ശേഷം പ്രശ്നം പരിഹരിച്ചെങ്കിലും ഇന്ന് രാവിലെ മുതൽ തുടങ്ങിയ സ്തംഭനം നീണ്ടുപോകുന്നത് ആശങ്ക വർധിപ്പിക്കുന്നു. നെറ്റ്‌വർക്ക് പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്ന് അധികൃതർ വ്യക്തമാക്കി.