സോഷ്യൽ മീഡിയയിൽ തരംഗമായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ‘പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?’- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. ആകെ മൂന്ന് വാചകങ്ങളാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആരെക്കുറിച്ചാണെന്നും എന്തിനെക്കുറിച്ചാണെന്നും യാതൊരു സൂചനയും നൽകാതെ മൂന്ന് വാചകങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതിന് നിരവധി കമന്റുകളാണ് ആളുകൾ കുറിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഈ പോസ്റ്റ് ശ്രദ്ധ നേടിയത്.
കമന്റുകളിൽ ഏറെയും വന്നത് ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും ഗോവർധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ഈ ചോദ്യം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
