ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള ഈ പരമ്പര ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് അഭിമാനപ്രശ്നമാണ്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ഈ പരമ്പര വളരെ നിർണായകമാണ്. ഓപ്പണർ റോളിൽ തിളങ്ങിയ സഞ്ജുവിനെ ഇന്ത്യ ഇപ്പോൾ മധ്യനിരയിലേക്ക് മാറ്റിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ ലഭിച്ച അതേ റോൾ തന്നെയാകും ഓസ്‌ട്രേലിയക്കെതിരെയും സഞ്ജുവിന് ലഭിക്കുകയെന്ന് ഉറപ്പായി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന് സഞ്ജു സാംസൺ സമ്മർദ്ദം ചെലുത്തുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലാണ് ചോപ്ര സഞ്ജുവിന്റെ പ്രകടനത്തെയും ടീമിലെ അദ്ദേഹത്തിന്റെ റോളിനെയും കുറിച്ച് സംസാരിച്ചത്. സഞ്ജു സാംസണിനോട് പലപ്പോഴും ഇന്ത്യ അനീതി കാണിക്കുന്നതായി തോന്നുന്നുവെന്നും ചോപ്ര തുറന്നടിച്ചു.
ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഏകദിന ക്യാപ്റ്റനായി ഉയർത്തപ്പെട്ടപ്പോഴും അദ്ദേഹം റൺസ് നേടിയിരുന്നില്ല. എങ്കിലും ഒരു പരമ്പരയിൽ നിരാശപ്പെടുന്നത് വലിയ കാര്യമല്ല, അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് യാതൊരു ചോദ്യവുമില്ല. എന്നാൽ ഗില്ലിനെ ശ്വാസംമുട്ടിക്കാൻ കെൽപ്പുള്ള ചില താരങ്ങൾ ടീമിലുണ്ട്. ഓപ്പണറായി നന്നായി കളിക്കുന്ന സഞ്ജുവിനെപ്പോലുള്ള ഒരാളാണ് അതിലൊരാൾ. സഞ്ജുവിനെ ഓപ്പണറാക്കുന്നില്ലെങ്കിൽ തീർച്ചയായും സമ്മർദ്ദമുണ്ടാകുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ജയ്‌സ്വാളും അതുപോലെ കഴിവുള്ള താരമാണ്. അദ്ദേഹത്തെപ്പോലെ ഒരാൾ ബെഞ്ചിൽ ഇരിക്കുന്നത് ഗില്ലിന് സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
