48b767f26e1f20a13fc6ae6c2457885184b835ae264f24de1161978010cf3337.0

2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി ബാലതാരം ദേവനന്ദ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദേവനന്ദയുടെ ശക്തമായ പ്രതികരണം.

അവാർഡ് പ്രഖ്യാപനത്തിനിടെ, കുട്ടികളുടെ സിനിമകൾ കുറവാണെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു. കുട്ടികളും സമൂഹത്തിൻ്റെ പ്രധാന ഭാഗമാണെന്നും അവർക്ക് അർഹമായ അവസരങ്ങൾ നൽകേണ്ടതുണ്ടെന്നും ദേവനന്ദ കുറിച്ചു.

ഇത്തവണ ബാലതാരങ്ങൾക്കുള്ള പുരസ്‌കാരത്തിന് ആരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും, കുട്ടികളുടെ ചിത്രങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് സിനിമാ മേഖലയിലുള്ളവർ ചിന്തിക്കണമെന്നുമായിരുന്നു ജൂറി ചെയർമാൻ പ്രകാശ് രാജ് പ്രതികരിച്ചത്. “യുവാക്കളും മുതിർന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്. കുട്ടികളും സമൂഹത്തിൻ്റെ ഭാഗമാണ്. കുട്ടികൾ എന്താണ് ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും സിനിമകളിലൂടെ പുറത്തുവരേണ്ടതുണ്ട്. എന്നാൽ, ഈ വർഷം ഒരു സിനിമയും കുട്ടികളുടെ കാഴ്ചപ്പാടിൽ ഉള്ളതായി ഉണ്ടായില്ല,” പ്രകാശ് രാജ് വ്യക്തമാക്കി.

ഈ പ്രസ്താവനയ്ക്കെതിരെയാണ് ദേവനന്ദയുടെ രൂക്ഷ വിമർശനം. ‘സ്ഥാനാർത്ഥി ശ്രീക്കുട്ടൻ’, ‘ഗു’, ‘ഫീനിക്സ്’, ‘എ.ആർ.എം.’ തുടങ്ങിയ നിരവധി സിനിമകൾ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ ചോദ്യം. ഈ സിനിമകളിലടക്കം നിരവധി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. “നിങ്ങൾ കുട്ടികൾക്കുനേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്,” ശക്തമായ ഈ വാക്കുകളോടെയാണ് ദേവനന്ദയുടെ കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *