Home » Blog » Kerala » സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
19

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും (ജൂലൈ 31) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1-നും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കും ജലാശയങ്ങൾക്കരികിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

ജൂലൈ 30: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

ഓഗസ്റ്റ് 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴ തുടരാനിടയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ബന്ധപ്പെട്ട അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.