Home » Blog » Kerala » സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതി ന്യായ നിർവഹണവും ശക്തിപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയൻ
pinarayivijayan-kiCG-621x414LiveMint-1-560x414

 

 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

 

സംസ്ഥാനത്ത്‌ ആഭ്യന്തര സുരക്ഷയും നീതി ന്യായ നിർവഹണവും ശക്തി പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി നിർമിക്കാൻ പോകുന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 

 

നീതി നിർവഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ആധുനിക സജ്ജീകരണവും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്നത്. അതിന്റെ ഗുണഫലം പുറമേ ദൃശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകൾ എല്ലാം തന്നെ സ്ത്രീ- ശിശു സൗഹൃദമാണ്. സംസ്ഥാനത്തെ ജയിലുകൾ ഇന്ന് കേവലം ശിക്ഷാ കേന്ദ്രങ്ങളല്ല. മറിച്ച് തടവുകാരുടെ ചിന്തകളിലും ശീലങ്ങളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്. തടവുകാർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം ഉറപ്പാക്കുന്നത് നമ്മുടെ ലക്ഷ്യമാണ്. അതിനായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. സുതാര്യവും സത്യസന്ധവുമായ ഭരണ നിർവഹണം ഉറപ്പാക്കുന്നതിന് വിജിലൻസ്, ആന്റി കറപ്ഷൻ എന്നിവയുടെ പങ്ക് വളരെ വലുതാണ്. ഈ സൗകര്യങ്ങളെല്ലാം പൊതു ജനങ്ങൾക്ക്കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

കാട്ടുങ്ങച്ചിറ പി.ടി. ആർ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടം ഒരു നാഴികകല്ലാവും. സംസ്ഥാനത്തെ പോലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ജനമൈത്രി പോലീസ് സംവിധാനം കേരളത്തിലാണ് ഉള്ളത്. ഒറ്റപ്പെട്ടുപോയവർക്ക് താങ്ങും തണലും ആവുകയും ഓരോ കുടുംബത്തിലെ പ്രശ്നങ്ങൾ അറിയുകയും ചെയുന്നത് ജനമൈത്രി പോലീസിന്റെ വഴികളിൽ നമുക്ക് കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ജില്ലാ പോലീസ് കാര്യാലയം സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിലാണ് തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാട്ടേഴ്സ് ( ഡി എച്ച് ക്യു ) കെട്ടിടം നിർമ്മിക്കുന്നത്. 2024–2025 സാമ്പത്തിക വർഷത്തെ സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച 6.5 കോടി രൂപ വിനിയോഗിച്ചാണ് 23,896 ചതുരശ്ര അടി വിസ്തീണ്ണത്തിലാണ് ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

 

 

 

റൂറൽ പോലീസിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനൊപ്പം പോലീസ് ഉദ്ദ്യോഗസ്ഥരുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന രീതിയിലുള്ളതാണ് കെട്ടിടത്തിന്റെ പ്ലാൻ. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാല് നിലകളിലായി 23,896 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ, ട്രെയിനിംഗ് സെന്റർ, വിശാലമായ കോൺഫറൻസ് ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ് എന്നിവയ്ക്ക് പുറമെ മെസ്സ് ഹാളും, സീനിയർ ഓഫീസർമാർക്കും വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും പുരുഷ പോലീസുകാർക്കും വേണ്ടിയുള്ള പ്രത്യേകം പ്രത്യേകം വിശ്രമമുറികളും മറ്റും ഒരുക്കുന്നുണ്ട്.

 

 

 

ഡി.ജി.പി ആൻഡ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ.എസ് ഓൺലൈനായി പങ്കെടുത്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ,

 

തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, തൃശ്ശൂർ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.എ. കൃഷ്‌ണദാസ്, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ജോഫി ബോസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സന്തോഷ് കുമാർ എം., കെ.പി.ഒ.എ സെക്രട്ടറി സിൽജോ വി. യു , കെ.പി.എ സെക്രട്ടറി എം എൽ വിജേഷ് എന്നിവർ പങ്കെടുത്തു.