Home » Blog » Kerala » സംസ്ഥാനത്തെ 60% പൊതുമരാമത്ത് റോഡുകളും ബി.എം ബി.സി നിലവാരത്തിലേക്ക്; മന്ത്രി പി.എ മുഹമ്മദ് റിയാസ്
images (79)

 

കാലിക്കടവ് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു

 

കേരളത്തിലെ പശ്ചാത്തല മേഖല വികസന കുതിപ്പിലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കടവില്‍ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലിക്കടവ് പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ഇതിനകം തന്നെ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

റോഡ് വികസനത്തിനായി മാത്രം 3,5000 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിച്ചിരിക്കുന്നത്. 13 ജില്ലകളിലൂടെ കടന്നു പോവുന്ന മലയോര ഹൈവേ, ഒമ്പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ പാതയും തുരാങ്ക പാതയും വികസനത്തിന്റെ മുഖങ്ങളാണ്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഓരോ 50 കിലോമീറ്റര്‍ ഇടവിട്ടും അത്യാധുനിക രീതിയിലുള്ള കംഫര്‍ട്ട് സെന്ററുകള്‍ സ്ഥാപിച്ചുണ്ട്.

 

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. നഗര റോഡ് വികസന പദ്ധതികളും തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റും പൂര്‍ത്തീകരിച്ചത് വലിയ നേട്ടമാണ്. ഭാവിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള തുരങ്ക പാതകള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജയദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.ടി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി പ്രകാശന്‍, രജനി രാജീവന്‍, ടി.വി ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വര്‍ക്കി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാലിക്കടവ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു. കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ജെ കൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.ദിലീപ് നായര്‍ നന്ദിയും പറഞ്ഞു.