സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘സംരംഭക വർഷം’പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാല് ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ തുടങ്ങിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംരംഭക വർഷം (ഇയർ ഓഫ് എന്റർപ്രൈസസ്) പദ്ധതിയുടെ വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
2022 ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം 4,06,976 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
ഇതിലൂടെ 27,222 കോടി രൂപയുടെ നിക്ഷേപവും 8,67,017 പേർക്ക് തൊഴിലും നൽകാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ആകെ തുടങ്ങിയ സംരംഭങ്ങളിൽ 1,28,852 എണ്ണം വനിതകളുടേതാണെന്നത് പദ്ധതിയുടെ വലിയ നേട്ടമാണ്. വ്യാപാര മേഖലയിൽ 1.78 ലക്ഷവും, സേവന മേഖലയിൽ 1.74 ലക്ഷവും, ഉത്പാദന മേഖലയിൽ 54,895-ഉം യൂണിറ്റുകൾ വീതമാണ് പ്രവർത്തനമാരംഭിച്ചത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് സംരംഭങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.
സംരംഭകർക്ക് കൈത്താങ്ങായി നാല് ശതമാനം പലിശയിൽ ലോൺ ലഭ്യമാക്കുന്ന കെ.ഇ.എൽ.എസ് പദ്ധതി,എം എസ് എം ഇ ഇൻഷുറൻസ്, 1153 എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുമാരുടെ സേവനം, താലൂക്ക് തലത്തിലുള്ള റിസോഴ്സ് പേഴ്സൺമാർ എന്നിവർ വഴി സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നത്. കൂടാതെ, തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള കമ്പനികളായി വളർത്തുന്ന ‘മിഷൻ 1000’ പദ്ധതിയും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘കേരള ബ്രാൻഡ്’ വഴി ആഗോള വിപണിയിൽ കേരളീയ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വ്യക്തിത്വം നൽകുമെന്നും, സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ കൂടുതൽ നിക്ഷേപം കൊണ്ടുവന്ന് കേരളത്തെ സുസ്ഥിരമായ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ്,വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ് തുടങ്ങിയവർ സംസാരിച്ചു.
