Home » Blog » Kerala » സംഭാഷണങ്ങൾ ചോർത്തി; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ
googleee-680x450 (1)

ഗൂഗിൾ അസിസ്റ്റന്റ് ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ അനുവാദമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 570 കോടി രൂപ (68 മില്യൺ ഡോളർ) നഷ്ടപരിഹാരം നൽകാൻ ടെക് ഭീമനായ ഗൂഗിൾ തയ്യാറായി. ‘ഹേ ഗൂഗിൾ’ തുടങ്ങിയ കമാൻഡുകൾ നൽകാത്തപ്പോഴും സ്മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ തുടങ്ങിയവ സംഭാഷണങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് കാലിഫോർണിയ കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഈ നടപടി. നിയമനടപടികളുമായി ദീർഘകാലം മുന്നോട്ട് പോകുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ ഈ ഒത്തുതീർപ്പിന് തയ്യാറായതെങ്കിലും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് കമ്പനി.

ഇത്തരത്തിൽ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്ക് കൈമാറിയെന്നും, അതുവഴി ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്നുമാണ് പ്രധാന ആരോപണം. ഓൺലൈനിൽ തിരയാത്ത കാര്യങ്ങൾ പോലും സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിച്ചതിന് തൊട്ടുപിന്നാലെ പരസ്യങ്ങളായി ഫോണുകളിൽ പ്രത്യക്ഷപ്പെട്ടത് പല ഉപയോക്താക്കളിലും ആശങ്കയുണ്ടാക്കിയിരുന്നു. കാലിഫോർണിയ ജില്ലാ ജഡ്ജി ബെത്ത് ലാബ്സൺ ഫ്രീമാൻ ഈ ഒത്തുതീർപ്പിന് അന്തിമ അനുമതി നൽകുന്നതോടെ തുക കൈമാറുന്ന നടപടികൾ ആരംഭിക്കും.

സ്വകാര്യതാ വിവാദങ്ങളിൽ ഗൂഗിൾ മാത്രമല്ല കുടുങ്ങുന്നത്; തങ്ങളുടെ വെർച്വൽ അസിസ്റ്റന്റായ ‘സിരി’ വഴി സമാനമായ രീതിയിൽ വിവരങ്ങൾ ശേഖരിച്ചതിന് ആപ്പിളും അടുത്തിടെ 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഡാറ്റാ മോഷണത്തിനും ലൊക്കേഷൻ ട്രാക്കിംഗിനും ടെക്സാസിൽ ഗൂഗിൾ 1.4 ബില്യൺ ഡോളർ പിഴയടയ്ക്കേണ്ടി വന്നതും വലിയ വാർത്തയായിരുന്നു. ടെക് കമ്പനികൾ ഉപഭോക്താക്കളുടെ ഡിജിറ്റൽ സുരക്ഷയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഈ പുതിയ നിയമനടപടികൾ നൽകുന്നത്.