Home » Blog » Kerala » സംഘപരിവാർ ഗാന്ധിജി എന്ന പേരിനെ ഭയപ്പെടുന്നു; തൊഴിലുറപ്പ് പദ്ധതിയിലെ പേര് മാറ്റത്തിനെതിരെ മുഖ്യമന്ത്രി
pinarayivijayan-kiCG-621x414LiveMint-1-560x414

ഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ നാമം നീക്കം ചെയ്ത കേന്ദ്ര തീരുമാനം, സംഘപരിവാർ സംഘടനകൾക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷതയോടുള്ള ഗാന്ധിജിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചതെന്നും, ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി തന്റെ അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി.

ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ എന്ന വ്യക്തിയല്ല, മറിച്ച് സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആൾരൂപമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു രാഷ്ട്രം, ഒരു സംസ്കാരം’ എന്ന ഏകശിലാത്മക അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വിപരീതമായി, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേർക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്ക് വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. ഗാന്ധിജിയുടെ ജീവിതവും ദർശനവും സംഘപരിവാറിന്റെ അപരവൽക്കരണ രാഷ്ട്രീയത്തിന് വലിയൊരു തടസ്സമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദരിദ്രരായ മനുഷ്യരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും പദ്ധതിയെ നിർവീര്യമാക്കാനുമുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണെന്നും മതേതര ഇന്ത്യക്കായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.