ശബരിമല സ്വർണക്കൊള്ളക്കേസിൻ്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുരാരി ബാബു, തട്ടിപ്പിനായി പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ നിന്നുള്ള സ്വർണം കവർച്ച ചെയ്ത കേസിലെ രണ്ടാം പ്രതിയും കട്ടിളപ്പാളികൾ പുറത്തേക്കു കൊണ്ടുപോയ കേസിലെ ആറാം പ്രതിയുമാണ് മുരാരി ബാബു. നാളെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ, കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനും ഒന്നിച്ച് തെളിവെടുപ്പ് നടത്താനുമുള്ള നീക്കത്തിലാണ് എസ്.ഐ.ടി.
ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബെല്ലാരിയിൽ നിന്ന് പിടിച്ചെടുത്ത 608 ഗ്രാം സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി. 100 ഗ്രാമിൻ്റെ അഞ്ച് സ്വർണക്കട്ടികളും 74 ഗ്രാമിൻ്റെ ഒരു സ്വർണക്കട്ടിയും നാണയങ്ങളുമാണ് കോടതിയിലെത്തിച്ചത്. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണം തന്നെയാണോ ഇതെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
