ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും അന്വേഷണം അതിവേഗം പുരോഗമിക്കുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ സന്നിധാനത്ത് തുടരുന്ന പരിശോധനയിൽ, സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുത്ത ശ്രീകോവിലിന്റെ പഴയ വാതിൽ പാളികളിൽ നിന്ന് ഇന്ന് സാമ്പിളുകൾ ശേഖരിക്കും. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നീക്കം.
വാതിലിന്റെ അളവുകൾ രേഖപ്പെടുത്തുന്നതിനൊപ്പം പഴയ ഉരുപ്പടികളുടെ തൂക്കവും പുതിയ സ്വർണ്ണക്കൊടിമരത്തിന്റെ ചുറ്റളവും സംഘം വിശദമായി പരിശോധിച്ചു. അഷ്ടദിക്പാലകരുടെ രൂപങ്ങൾ പെയിന്റടിച്ച നിലയിൽ പാക്കറ്റുകളിൽ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. 2017-ലെ കൊടിമരം മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 13 അംഗ സംഘം അന്വേഷണം വ്യാപിപ്പിക്കുകയാണ്.
അതേസമയം, തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ പരിശോധന 22 മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. കേസിലെ പ്രതികളുടെ വീടുകളടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നെങ്കിലും, ഏറ്റവും കൂടുതൽ സമയം ഇ.ഡി ചെലവഴിച്ചത് ബോർഡ് ആസ്ഥാനത്താണ്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും വിവരങ്ങളും ഇ.ഡി സംഘം ശേഖരിച്ചതായാണ് സൂചന.
