images (21)

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വീണ്ടെടുത്ത സ്വർണ്ണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. സ്വർണ്ണത്തിന്റെ കാലപ്പഴക്കം എത്രത്തോളമുണ്ടെന്ന് ഈ പരിശോധനയിലൂടെ നിർണ്ണയിക്കും.

ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത 176 ഗ്രാമിന്റെ 9 ആഭരണങ്ങളും സ്വർണ്ണനാണയങ്ങളുമാണ് പരിശോധനയ്ക്ക് അയക്കുന്നത്.

ഇടപാടുകളും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും

പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ഈ സ്‌പോൺസർഷിപ്പിന്റെ യഥാർത്ഥ ഉറവിടവും സംഘം പരിശോധിക്കും. ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു. കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. പോറ്റി ബെംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബെംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *