Home » Blog » Kerala » ‘ശത്രുക്കൾ അനുഭവിക്കും’; ഇന്ത്യയെ ലക്ഷ്യമിട്ട് പാക് സൈനിക മേധാവിയുടെ വിവാദ പ്രസ്താവന
w-Recovered-Recovered-Recovered-4-680x450

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ കനത്ത പ്രഹരമേറ്റ് ഒരു വർഷം തികയുമ്പോൾ, ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ സൈനിക നീക്കത്തിന് മുതിർന്നാൽ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും വേദനാജനകവുമായിരിക്കുമെന്ന് മുനീർ മുന്നറിയിപ്പ് നൽകി.

 

റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അസിം മുനീറിന്റെ പ്രസംഗം. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏതൊരു നീക്കത്തെയും മുൻപത്തേക്കാൾ ശക്തമായും വേഗത്തിലും നേരിടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. മെയ് 7-ന് രാത്രി നടത്തിയ മിന്നലാക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര താവളങ്ങൾ ഇന്ത്യ തകർത്തിരുന്നു. തുടർന്ന് മെയ് 10-ഓടെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങളും വിമാനത്താവളങ്ങളും ഇന്ത്യ തകർത്തതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് അപേക്ഷിച്ചത്.

 

ഈ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. സിന്ധു നദീതീരത്തെ ഇന്ത്യൻ നിർമ്മിതികൾ ലക്ഷ്യം വെക്കുമെന്നും, രാജ്യം വീഴാൻ പോകുകയാണെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതിയും കൂടെക്കൊണ്ടുപോകുമെന്നുമുള്ള മുനീറിന്റെ മുൻ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.