Home » Blog » Kerala » വോട്ടിന് കാശ് കിട്ടിയില്ല; കോയമ്പത്തൂരിൽ വൻ പ്രതിഷേധം, നാട്ടുകാർ റോഡ് ഉപരോധിച്ചു
27

കോയമ്പത്തൂർ: വോട്ട് ചെയ്യാൻ പണം കിട്ടിയില്ലെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകൾ പ്രതിഷേധവുമായി രംഗത്ത്. കോയമ്പത്തൂരിന് സമീപം കൊട്ടൂരിലാണ് സംഭവം. അയൽപ്രദേശങ്ങളിലെ വീടുകളിൽ രാഷ്ട്രീയ പാർട്ടികൾ പണം വിതരണം ചെയ്‌തെന്നും തങ്ങളുടെ വാർഡിനെ അവഗണിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി.

ഏപ്രിൽ 23-ന് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിങ്കളാഴ്ച കൊട്ടൂരിൽ നാട്ടുകാർ റോഡ് ഉപരോധിച്ചത്. പൊള്ളാച്ചിയിലേക്കുള്ള പ്രധാന പാത തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. തങ്ങളുടെ അയൽപക്കത്തുള്ളവർക്കെല്ലാം പണം ലഭിച്ചുവെന്നും തങ്ങൾക്ക് മാത്രം ലഭിച്ചില്ലെന്നും ഇത് നീതിയല്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. വോട്ടിനായി പണം ചോദിക്കുന്നതും വാങ്ങുന്നതും ക്രിമിനൽ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി ഒത്തുചേർന്നതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.

അതേസമയം, പണം വിതരണം ചെയ്തതിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പണം കിട്ടാത്തതിൽ പരസ്യമായി പ്രതിഷേധം നടക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.