ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയിൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. കരാർ പ്രകാരമുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാതെ പാർട്ടി വഞ്ചിച്ചു എന്ന് ആരോപിച്ചാണ് ഡി.സി.സി. പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയത്. 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇടതുപക്ഷ സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയും, പകരം അവസാന ഒന്നര വർഷത്തേക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് കരാറുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കരാർ പാർട്ടി നടപ്പിലാക്കിയില്ലെന്ന് ഷിബു വ്യക്തമാക്കി.
കരാർ ലംഘനം ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിലും, വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് അടുത്തയാൾക്ക് കൈമാറാനുള്ള നേതൃത്വത്തിന്റെ നിർദ്ദേശം പ്രാദേശിക നേതൃത്വം അവഗണിച്ചതിലും പ്രതിഷേധിച്ചാണ് രാജി. കൂടാതെ, മൂന്ന് വർഷമായി പാർലമെന്ററി പാർട്ടി യോഗം വിളിക്കാതിരിക്കുകയും വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പാഴാക്കുകയും ചെയ്യുകയാണെന്നും ഷിബു ആരോപിച്ചു.
