ഉപഭോക്താക്കളുടെ വൈദ്യുതി പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ എസ് ഇ ബി ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് അംഗം അഡ്വ. എ ജെ വില്‍സണ്‍ പറഞ്ഞു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ സംസ്ഥാന റഗുലേറ്ററി കമ്മീഷനും സംസ്ഥാന വൈദ്യുതി ബോര്‍ഡും വ്യാപാരി വ്യവസായി അസോസിയേഷനുകളും സംയുക്തമായി നടത്തിയ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി തേടി കോടതിയെ സമീപിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഒരു പരിധിവരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതാതു കെ എസ് ഇ ബി ഓഫീസുകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കെ എസ് ഇ ബി ഓഫീസുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ പരാതികളില്‍ അടിയന്തരമായി മനുഷ്യത്വപരമായി പ്രശ്നപരിഹാരം കാണാന്‍ അഡ്വ. എ ജെ വില്‍സണ്‍ നിര്‍ദ്ദേശിച്ചു. റഗുലേറ്ററി കമ്മീഷന് കംപ്ലെയിന്റ് എക്സാമിനര്‍ ടി ആര് ഭുവനചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. തര്‍ക്ക പരിഹാര സംവിധാനത്തെക്കുറിച്ച് കണ്‍സ്യൂമര്‍ അഡ്വക്കസി കണ്‍സല്‍റ്റന്റ് ബി ശ്രീകുമാര്‍, റഗുലേറ്ററി കമ്മീഷന് കണ്സള്സറ്റന്റ് ബിജു എന്നിവര്‍ സംസാരിച്ചു. കെ എസ് ഇ ആര് സി കണ്‍സ്യൂമര്‍ അഡ്വക്കസി ബി ശ്രീകുമാര്‍ , എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.
