സംഗീത ചക്രവര്‍ത്തി ഇളയരാജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വേടന്. ഒരുമാസം മുമ്പ് തമിഴ് സിനിമാ രംഗത്തു നിന്നുള്ള ഓഫറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇളരാജയ്ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടന് വെളിപ്പെടുത്തിയിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ അത് നടക്കുമെന്നായിരുന്നു വേടന് പറഞ്ഞത്.
ഇളയരാജയുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിലാണ് വേടന് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാഷ്നായി തമിഴില്‍ ഇസൈ അരയ്സന് എന്നും വേടന് കുറിച്ചിരിക്കുന്നു. എവിടെ വച്ചാണ് ഇരുവരും കണ്ടതെന്ന വിവരം ലഭ്യമല്ലെങ്കിലും അന്ന് പറഞ്ഞ ആ സ്വപ്നം യാഥാർത്ഥ്യമായെന്ന സൂചനയാണ് ലഭിക്കുന്നത്.
റാപ്പ് ഗായകന് എന്ന നിലയില്‍ കേരളത്തില്‍ അറിയപ്പെടുന്ന വേടന് നിരവധി ആരാധകരാണുള്ളത്. ഇതിലേറെയും യുവാക്കളാണ്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി രചിച്ച വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും വേടന് സ്വന്തമാക്കിയിരുന്നു. ഇത് വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കി. ബലാത്സംഗ കേസില്‍ അറസ്റ്റിലായ വേടന് ജാമ്യത്തിലിരിക്കെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് കാട്ടി യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതി നല്‍കിയത്.
