Home » Blog » Kerala » വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തറവാട് സ്വത്താണോ; കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം
Screenshot_20251226_133022

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയെത്തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, ഇത് സഹോദരി പുത്രന് തീറെഴുതി കൊടുക്കാനുള്ളതാണോ? എന്നിങ്ങനെ രൂക്ഷമായ ചോദ്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രൻ അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ‘ഗ്രീൻ ആർമി’ എന്ന പേരിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. അബു താഹിറിനെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ പാർട്ടിയിൽ കുടുംബവാഴ്ച അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പാർട്ടി പ്രവർത്തന പരിചയവും അനുഭവസമ്പത്തും പാർട്ടിയുടെ പലക ഘടകങ്ങളിലും പ്രവർത്തിച്ച പരിചയം ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല. യൂത്ത് ലീഗ് പ്രവർത്തകന്റെ വാഹനത്തിൽ കഞ്ചാവ് വെച്ച് അറസ്റ്റിലാക്കിയ ക്രൂരനും മാഫിയ തലവനുമായ അബൂതാഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. ഇത് ഇവിടെ നടക്കില്ല എന്നാണ് പോസ്റ്ററുകളിൽ പതിപ്പിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സ്വന്തം തട്ടകത്തിൽ നിന്നുതന്നെയുണ്ടായ ഈ പരസ്യ പ്രതിഷേധം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.