കൊച്ചി: വെൽത് മാനേജ്മെന്റ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ‘ഫെഡ് വെൽത്’ എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇതിനൊപ്പം ബാങ്കിന്റെ ആദ്യ വെൽത് ഹബ് എറണാകുളം ബൈപ്പാസിൽ പ്രവർത്തനമാരംഭിച്ചു. 90 വർഷത്തിലേറെ പ്രവർത്തനപാരമ്പര്യവും വിശ്വാസ്യതയുമുള്ള ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് അനുയോജ്യമായ വെൽത് പ്രൊഡക്ടുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സ്ഥിരനിക്ഷേപം, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, തുടങ്ങിയ ഉത്പന്നങ്ങളും അവസരങ്ങളും ഗിഫ്റ്റ് സിറ്റിയിലൂടെ അവതരിപ്പിക്കുന്ന പുതിയ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.
സാമ്പത്തിക സേവന രംഗത്തെ അതികായനായ വീരേന്ദ്ര സോംവൻശിയാണ് ഫെഡറൽ ബാങ്കിന്റെ വെൽത്ത് മാനേജ്മന്റ് ബിസിനസിന് നേതൃത്വം നൽകുന്നത്. രാജ്യമൊട്ടാകെയുള്ള പ്രധാന സ്ഥലങ്ങളിൽ വെൽത്ത് ഹബ്ബുകൾ ആരംഭിക്കുമെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു. ഓഹരി വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും ഗുണമേന്മയുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചുമുള്ള മികവുറ്റ സേവനം നൽകുകയാണ് വെൽത്ത് ഹബ്ബുകളിലൂടെ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്. വൈദഗ്ധ്യം ലഭിച്ച റിലേഷൻഷിപ് മാനേജർമാരുടെയും പോർട്ട്ഫോളിയോ കൗൺസിലർമാരുടെയും സേവനം വെൽത്ത് ഹബ്ബുകളിൽ ലഭ്യമാക്കും.
അതിസമ്പന്നരായ ഇടപാടുകാർക്ക് നിക്ഷേപ അവസരങ്ങൾ നൽകുന്നതിന്, നിലവിൽ ഫെഡറൽ ബാങ്കുമായി സഹകരിക്കുന്ന പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സേവനവ്യവസ്ഥകൾ പുനക്രമീകരിക്കാനും ധാരണയായിട്ടുണ്ട്. ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ 8.69 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫെഡറൽ ബാങ്കിനുള്ളത്.
വെൽത്ത് മാനേജ്മന്റ് ബിസിനസ് രംഗത്ത് ശക്തമായ അടിത്തറ രൂപപ്പെടുത്താൻ ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ സാധിച്ചുവെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. വളർച്ചയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ നിക്ഷേപിക്കാനും സ്വന്തം ഫ്രാൻഞ്ചൈസി രൂപീകരിക്കാനും ആണ് ലക്ഷ്യമിടുന്നത്. ഇക്വിറസുമായുള്ള സഹകരണം തങ്ങൾ വിലമതിക്കുന്നുവെന്നും തുടർന്നുകൊണ്ടുപോവാൻ താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 7 വർഷമായി ഞങ്ങൾ സഹകരണത്തിലാണ്. നിലവിൽ 23 നഗരങ്ങളിൽ സാന്നിധ്യമുള്ള, മികച്ച 10 മുൻനിര സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ ഞങ്ങൾക്ക് സാധിച്ചു. ഇക്വിറസ് ക്യാപിറ്റൽ എംഡി അജയ് ഗാർഗ് പറഞ്ഞു. സാങ്കേതിക പരിജ്ഞാനവും ബിസിനസ് സാധ്യതകളും ഉറപ്പാക്കി, വെൽത്ത് മാനേജ്മന്റ് മേഖലയിൽ വളർച്ച കൈവരിക്കുന്നതിന് കമ്പനിയുടെ പൂർണ പിന്തുണ ഫെഡറൽ ബാങ്കിന് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
