Home » Blog » Kerala » വീണയെ കുരുക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഇഡി; ഉടൻ ചോദ്യം ചെയ്തേക്കും
7

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വീണാ വിജയനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉടൻ ചോദ്യം ചെയ്തേക്കും. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയിട്ടുണ്ട്. വീണയ്ക്ക് ഉടൻ സമൻസ് നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിൽ നടത്തിയ നിർണായക യോഗത്തിൽ കേസിലെ അന്വേഷണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല ഉത്തരവിന് പിന്നാലെയാണ് ഈ നീക്കം.

അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും ഇഡി കടന്നിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വീണാ വിജയന്റേതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കുന്നതും ഇഡി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ചോദ്യം ചെയ്യലിനുള്ള സമൻസ് നൽകുക. റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാങ്ക് രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ എന്നിവയുടെ പരിശോധനയും പുരോഗമിക്കുകയാണ്.

കേസിൽ തുടർ നിയമനടപടികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പഴുതുകളില്ലാത്ത തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സി.എം.ആർ.എൽ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനത്തിന് സേവനം ലഭിക്കാതെയാണ് പണം നൽകിയതെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.