ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളനി’ലെ മനോഹരമായ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. “ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…” എന്ന് തുടങ്ങുന്ന ഗാനം വീടിനോടുള്ള സ്നേഹവും ഗൃഹാതുരത്വവും തുളുമ്പുന്നതാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. വാനമ്പാടി കെ.എസ്. ചിത്രയും രാജ്കുമാർ രാധാകൃഷ്ണനും ചേർന്നാണ് ഈ മെലഡി ആലപിച്ചിരിക്കുന്നത്.
ചിത്രത്തിൽ സാമുവൽ ജോസഫ് എന്ന കഥാപാത്രമായി എത്തുന്ന ജോജു ജോർജിന്റെ വീടിനെയും കുടുംബത്തെയും കേന്ദ്രീകരിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബിജു മേനോൻ ആന്റണി സേവ്യർ എന്ന പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കും പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് ഗാനവും സൂചന നൽകുന്നത്.
ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയും വണ്ടിപ്പെരിയാറും പീരുമേടും പശ്ചാത്തലമാകുന്ന ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹിറ്റ് ചിത്രങ്ങളായ ദൃശ്യം, നേര് എന്നിവയ്ക്ക് ശേഷം ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ‘വലതുവശത്തെ കള്ളനെ’ കാത്തിരിക്കുന്നത്.
