ഹരിയാനയിലെ ഗുഡ്ഗാവിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ സഹപാഠിക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെക്ടർ 48-ലെ സെൻട്രൽ പാർക്ക് റിസോർട്ട്സിൽ ശനിയാഴ്ച രാത്രി കുട്ടികളിൽ ഒരാളുടെ അച്ഛൻറെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെടിയേറ്റ കുട്ടിയുടെ അമ്മ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ പറയുന്നത് 17 വയസ്സുകാരനായ മുഖ്യ പ്രതി മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ്. മകൻ ആദ്യം വിസമ്മതിച്ചെങ്കിലും നിർബന്ധത്തെ തുടർന്ന് പോകാൻ തീരുമാനിച്ചു. തുടർന്ന് മുഖ്യ പ്രതി മകനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അപ്പാർട്ട്മെൻ്റിൽ എത്തിയപ്പോൾ, അവിടെ മറ്റൊരു സഹപാഠിയും ഉണ്ടായിരുന്നു. മുഖ്യ പ്രതി തൻ്റെ പിതാവിൻ്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് മകന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
അപ്പാർട്ട്മെൻ്റിൽ കണ്ടെത്തിയ പെട്ടിയിൽ നിന്ന് പിസ്റ്റൾ, മാഗസിൻ, അഞ്ച് ലൈവ് കാട്രിഡ്ജുകൾ, ഒരു ഒഴിഞ്ഞ ഷെൽ, കൂടാതെ 65 ലൈവ് കാട്രിഡ്ജുകളുള്ള മറ്റൊരു മാഗസിൻ എന്നിവ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ കുട്ടിയെ മെദാന്ത ആശുപത്രിയിൽ എത്തിച്ചു. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
ലൈസൻസുള്ള ആയുധങ്ങൾ സുരക്ഷിതമായും കുട്ടികളുടെ കൈയെത്തും ദൂരത്ത് അല്ലാതെയും സൂക്ഷിക്കണമെന്ന് ഗുഡ്ഗാവ് പൊലീസ് തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അഭ്യർത്ഥിച്ചു. നേരത്തെ ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.
