തിരുവനന്തപുരം: ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകൾ കാരണം ജൂൺ 19 വെള്ളിയാഴ്ച വരെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശകരെ നേരിട്ട് കാണില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ബജറ്റ് പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും, ഈ താൽക്കാലിക ബുദ്ധിമുട്ടിന് ജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഓഫീസ് വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ഈ വെള്ളിയാഴ്ചയാണ് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കായി എത്ര തുക വകയിരുത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനുപുറമെ, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ഇന്ന് മുതൽ ആരംഭിച്ച സൗജന്യ യാത്രയ്ക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനായുള്ള നീക്കിയിരിപ്പ് തുടങ്ങിയ നിർണ്ണായക പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.
