Home » Blog » Kerala » വിമാന ഇന്ധന നിരക്ക് കൂട്ടി കേന്ദ്രം; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും
12

ന്യൂഡല്‍ഹി: വിമാന ഇന്ധനനിരക്കില്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വര്‍ധന വരുത്തുന്നത്. 76.55 ഡോളറിന്റെ വര്‍ധനയാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വരുത്തിയിട്ടുള്ളത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധനനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

നേരത്തെ വാണിജ്യ പാചകവാതക വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോ ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.

ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി. അഞ്ച് കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 261 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും റീടെയില്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് നല്‍കുന്ന ഏവിയേഷന്‍ ഫ്യൂവല്‍ വിലയിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല.