പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് എത്താതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുമ്പോൾ, പ്രായോഗികമായ കാരണങ്ങളാലാണ് മേയർ വിമാനത്താവളത്തിലെ പട്ടികയിൽ നിന്നും ഒഴിവായതെന്നാണ് ബിജെപിയുടെ വിശദീകരണം. പ്രധാനമന്ത്രിയെ സ്വീകരിച്ച ശേഷം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി കൃത്യസമയത്ത് പുത്തരിക്കണ്ടം മൈതാനത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പാണ് ഇതിന് കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്.
സാധാരണയായി പ്രധാനമന്ത്രി എത്തുമ്പോൾ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പം മേയറും സ്വീകരിക്കാൻ എത്താറുണ്ട്. സംസ്ഥാന സർക്കാർ നൽകിയ ആദ്യ പട്ടികയിൽ മേയറുടെ പേരുണ്ടായിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്ന് വന്ന ഫൈനൽ ലിസ്റ്റിൽ നിന്ന് ഇത് ഒഴിവാക്കപ്പെടുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രിയുടെ വാഹനത്തിനൊപ്പം സഞ്ചരിക്കാൻ അനുമതിയുള്ളത് ഗവർണർക്കും മുഖ്യമന്ത്രിക്കും മാത്രമാണ്. മറ്റുള്ളവർക്ക് വിമാനത്താവളത്തിലെ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാൻ സാധിക്കില്ല. ഇത് പുത്തരിക്കണ്ടത്തെ പരിപാടിയുടെ സമയക്രമത്തെ ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.വി. രാജേഷ് തന്നെ വ്യക്തമാക്കി.
എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയമായി ആയുധമാക്കിയിരിക്കുകയാണ് സിപിഎം. മേയറെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും വി.വി. രാജേഷിന് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സ്റ്റാറ്റസ് ഇല്ലേ എന്നുമാണ് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചത്. ബിജെപിക്കുള്ളിലെ വിഭാഗീയതയുടെ ഫലമാണ് ഇതെന്നും ഇടത് നേതാക്കൾ പരിഹസിച്ചു. എന്നാൽ പുത്തരിക്കണ്ടം മൈതാനിയിൽ പ്രധാനമന്ത്രിയോടൊപ്പം താൻ രണ്ടര മണിക്കൂറോളം ചെലവഴിച്ചെന്നും അദ്ദേഹം തന്നെ സ്നേഹത്തോടെ ചേർത്തുപിടിച്ചത് എല്ലാവരും കണ്ടതാണെന്നും രാജേഷ് മറുപടി നൽകി. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ തിളക്കം കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
