കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിനിയായ വിപഞ്ജികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരു വർഷമാകാറായിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് കുടുംബം. മരണത്തിൽ നീതി വൈകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. അന്വേഷണം ഇഴയുന്നതിലും പ്രതികളുടെ മൊഴി പോലും രേഖപ്പെടുത്താത്തതിലും കടുത്ത പ്രതിഷേധമുണ്ടെന്ന് വിപഞ്ജികയുടെ ബന്ധു പറഞ്ഞു.
2025 ജൂലൈ എട്ടിനാണ് ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റിൽ വെച്ച് ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക മണിയൻ (32), മകൾ വൈഭവി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടേത് ആത്മഹത്യയാണെന്നും കുഞ്ഞിന്റേത് ശ്വാസംമുട്ടിയുള്ള മരണമാണെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനമാണ് മരണത്തിന് കാരണമായതെന്നാണ് വിപഞ്ജികയുടെ കുടുംബം ആരോപിക്കുന്നത്
കുടുംബത്തിന്റെ പരാതിയിൽ കൊല്ലം ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവം വിദേശ രാജ്യത്ത് നടന്നതായതിനാൽ കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണവും കാര്യമായ പുരോഗതിയില്ലാതെ ഇഴയുകയാണ്. വിപഞ്ജികയുടെ കുടുംബത്തിന്റെ മൊഴിയെടുത്തെങ്കിലും, പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മറ്റൊരു രാജ്യത്തെ സംഭവം ആയതിനാലുള്ള സാങ്കേതിക തടസ്സങ്ങളാണ് കേസ് നീളാൻ കാരണമായി അധികൃതർ പറയുന്നത്. കേസ് വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് കുടുംബം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് അപേക്ഷ നൽകി അന്വേഷണത്തിൽ വേഗത ഉറപ്പാക്കാനാണ് ഇവരുടെ തീരുമാനം.
