സ്വന്തം തട്ടകത്തിൽ നിർണ്ണായക അങ്കത്തിന് ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മത്സരത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ടീം അംഗങ്ങളെയും ആരാധകരെയും ചിരിപ്പിച്ച സ്കൈയുടെ വക കമന്റ്. സഞ്ജുവിന് മുന്നിലായി നടന്ന സൂര്യകുമാർ, “വഴി മാറിക്കൊടുക്കൂ, ചേട്ടനെ ശല്യം ചെയ്യരുത്” എന്ന് വിളിച്ചു പറയുകയായിരുന്നു. ക്യാപ്റ്റന്റെ തമാശ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന സഞ്ജുവിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
എന്നാൽ ഈ തമാശകൾക്കിടയിലും സഞ്ജുവിന് നാളത്തെ മത്സരം കരിയറിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒന്നാണ്. ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിലെ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. മോശം ഫോമിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരം ഇപ്പോൾ നേരിടുന്നത്. ടി20 ലോകകപ്പിലെ ഓപ്പണർ സ്ഥാനത്തിനായി ശക്തമായ മത്സരമുള്ളതിനാൽ, തിരുവനന്തപുരത്തെ ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്.
മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ അഞ്ചാം മത്സരത്തിൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായി പരീക്ഷിക്കണമെന്ന വാദങ്ങൾ ഒരുവശത്ത് ശക്തമാണ്. എന്നിരുന്നാലും, സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ കാര്യവട്ടത്ത് താരത്തിന് ഒരവസരം കൂടി നൽകുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിമർശകരുടെ വായടപ്പിക്കാനും ലോകകപ്പ് ടീമിലേക്ക് തന്റെ അവകാശവാദം ശക്തമാക്കാനുമായിരിക്കും സഞ്ജു നാളെ ഇറങ്ങുക.
