നടൻ അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ തങ്ങൾക്ക് വൻ ലാഭമുണ്ടാക്കിയില്ലെങ്കിലും സാമ്പത്തികമായി നഷ്ടം സംഭവിച്ചില്ലെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു. ചിത്രം വലിയ ലാഭക്കൊയ്ത്ത് നടത്തിയില്ലെങ്കിലും നഷ്ടത്തിൽ കലാശിച്ചില്ല എന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും നിർമാതാക്കൾ വ്യക്തമാക്കി.
പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിക്കുന്ന തങ്ങളുടെ അടുത്ത തമിഴ് ചിത്രം ‘ഡ്യൂഡി’ന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിർമാതാക്കൾ ‘ഗുഡ് ബാഡ് അഗ്ലി’യുടെ സാമ്പത്തിക നിലയെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘ഈ സിനിമയിൽ ഞങ്ങൾ സംതൃപ്തരാണ്. അജിത് കുമാറിൻ്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി ഇത് മാറി. വലിയ ലാഭമൊന്നും ലഭിച്ചില്ലെങ്കിലും, ഞങ്ങൾക്ക് നഷ്ടമുണ്ടായില്ല. ഈ ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര ലോകത്തേക്ക് ശക്തമായ പ്രവേശനം സാധ്യമായി. ഭാവിയിൽ അജിത്തുമായി വീണ്ടും സഹകരിക്കാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്’, നിർമാതാക്കൾ അറിയിച്ചു.
‘ഗുഡ് ബാഡ് അഗ്ലി’യിൽ ഉപയോഗിച്ച ഇളയരാജയുടെ ഗാനങ്ങളുമായി ബന്ധപ്പെട്ട പകർപ്പവകാശ തർക്കങ്ങളെക്കുറിച്ചും നിർമാതാക്കൾ വിശദീകരിച്ചു. ‘ഒരു ഗാനത്തിന് ഏകദേശം 15 ലക്ഷം മുതൽ 20 ലക്ഷം വരെ രൂപ നൽകിയാണ് സോണി മ്യൂസിക്കിൽ (Sony Music) നിന്ന് ഞങ്ങൾ പാട്ടുകളുടെ അവകാശം വാങ്ങിയത്. ഈ തർക്കം യഥാർത്ഥത്തിൽ ഇളയരാജയും സോണി മ്യൂസിക്കും തമ്മിലുള്ളതാണ്. നിലവിൽ ആ ഗാനങ്ങൾ സിനിമയിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. അന്തിമ കോടതി വിധി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായി വേണ്ട എല്ലാ രേഖകളും നടപടിക്രമങ്ങളും ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കേസ് നിലവിലിരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാനാവില്ല’, അവർ കൂട്ടിച്ചേർത്തു.
തെലുങ്ക് സിനിമയിൽ നിന്ന് വളർന്ന് ‘ജനതാഗ്യാരേജ്’, ‘രംഗസ്ഥലം’, ‘ഡിയർ കോമ്രേഡ്’, ‘വീരസിംഹറെഡ്ഡി’, ‘പുഷ്പ: ദി റൈസ്’, ‘പുഷ്പ: ദി റൂൾ’ തുടങ്ങിയ നിരവധി വിജയചിത്രങ്ങൾ നിർമിച്ച് ശ്രദ്ധേയരായ പ്രൊഡക്ഷൻ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്. തമിഴിൽ ഇവരുടെ ആദ്യ ചിത്രമായിരുന്നു ‘ഗുഡ് ബാഡ് അഗ്ലി’. മലയാളത്തിൽ ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങൾ’, ടൊവിനോ തോമസ് നായകനായ ‘നടികർ’ എന്നിവയും മൈത്രി നിർമിച്ചു. ‘ഡ്യൂഡ്’ ആണ് ഇവരുടെ രണ്ടാമത്തെ തമിഴ് ചിത്രം. സണ്ണി ഡിയോൾ പ്രധാനവേഷത്തിലെത്തിയ ‘ജാട്ട്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും കമ്പനി അരങ്ങേറ്റം കുറിച്ചിരുന്നു.
