കേരള സർക്കാർ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, കേരള വനിതാ വികസന കോർപ്പറേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 6, 7 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ‘വനിതാ കോൺക്ലേവ് 2026’ സംഘടിപ്പിക്കുന്നു. സ്ത്രീ സൗഹൃദ കേരളം – സമത്വവും സുരക്ഷയും ശാക്തീകരണവും കൈകോർക്കുന്ന സമൂഹം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം, ശിശുവികസനം, ശിശുസംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ അക്കാദമിക് സെഷനുകൾ, സെമിനാറുകൾ, സംവാദങ്ങൾ, എന്നിവ സംഘടിപ്പിക്കും.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, കെയർ ഇക്കണോമി, ഭരണ നേതൃത്വ രംഗങ്ങളിലെ വനിതകളുടെ പങ്ക്, വനിതകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടപ്പാക്കൽ, അവലോകനം, വിമർശന പഠനം, ശിശുസംരക്ഷണ സംവിധാനങ്ങൾ, ഐസിഡിഎസ്, പോഷണം, ബാലവികസനം, ബാലാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ദേശീയ-അന്തർദേശീയ തലത്തിലെ വിദഗ്ധർ, ഭരണ-ന്യായവ്യവസ്ഥ പ്രതിനിധികൾ, അക്കാദമിക വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന വിശദമായ ചർച്ചകൾ കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഫെബ്രുവരി 6 രാവിലെ 9.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ വി വി രാജേഷ്, വി. കെ. പ്രശാന്ത് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
