Home » Blog » Kerala » ലിവ്-ഇൻ ബന്ധങ്ങൾക്കെതിരെ മോഹൻ ഭാഗവത്; വിവാഹ ജീവിതത്തോട് താത്പര്യമില്ലെങ്കിൽ സന്യാസ ജീവിതം തിരഞ്ഞെടുക്കൂ
mohan-baghavat-680x450

ലിവ്-ഇൻ റിലേഷൻഷിപ്പുകൾക്കെതിരെയും കുടുംബ സങ്കൽപ്പങ്ങളിലെ മാറ്റങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആധുനിക ബന്ധങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്തത്. ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്നവർ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകാത്തവരാണെന്നും ഇത്തരത്തിലുള്ള പ്രവണതകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് വിവാഹ ജീവിതത്തോട് താത്പര്യമില്ലെങ്കിൽ സന്യാസ ജീവിതം തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹത്തെയും കുടുംബത്തെയും കേവലം ശാരീരിക സംതൃപ്തിക്കുള്ള മാർഗമായി കാണരുതെന്നാണ് ഭാഗവതിന്റെ പക്ഷം. ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന പ്രധാനപ്പെട്ട സംവിധാനമാണ് കുടുംബം. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമായ പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിന് കുടുംബ ഭദ്രത അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താത്പര്യങ്ങൾക്കപ്പുറം സാമൂഹികമായ കടമകൾക്കും സംസ്കാരത്തിനും മുൻഗണന നൽകുന്ന രീതിയിലാവണം കുടുംബങ്ങൾ മുന്നോട്ട് പോകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യാ വിഷയത്തിലും വിവാഹ പ്രായത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചു. ഒരു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണമെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. കുടുംബത്തിൽ മൂന്ന് കുട്ടികൾ ഉണ്ടാകുന്നത് വ്യക്തികളുടെ അഹങ്കാരം നിയന്ത്രിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റക്കുട്ടിയായി വളരുന്നതിനേക്കാൾ സഹോദരങ്ങളോടൊപ്പം വളരുന്നത് സ്വഭാവ രൂപീകരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 19 നും 25 നും ഇടയിലുള്ള പ്രായത്തിൽ വിവാഹം നടക്കുകയും ആ കാലയളവിൽ തന്നെ മൂന്ന് കുട്ടികൾ ഉണ്ടാകുകയും ചെയ്യുന്നത് കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യത്തിന് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.