ലാഹോർ: ലഷ്കറെ തയിബ സ്ഥാപകരിൽ ഒരാളായ ആമിർ ഹംസയ്ക്ക് വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് അജ്ഞാതരുടെ വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഒരു വർഷത്തിനിടെ, രണ്ടാം തവണയാണ് ആമിർ ഹംസയ്ക്കു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ മേയിൽ ലഹോറിലെ വസതിയിൽവച്ചും ആമിറിനു നേരെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് പാക്കിസ്ഥാൻ അധികൃതർ ആമിറിന് സുരക്ഷ വർധിപ്പിച്ചിരുന്നു.
1959ൽ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിലാണ് ആമിർ ഹംസ ജനിച്ചത്. 1985നും 1986നുമിടയിൽ ഭീകരരായ ഹാഫിസ് സയീദും ആമിർ ഹംസയും ചേർന്നാണു ലഷ്കറെ തയിബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ആമിർ ഹംസയായിരുന്നു. ലഷ്കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു നേരെ നടന്ന ആക്രമണത്തിലും ആമിർ ഹംസയ്ക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ 2018 ൽ ഇയാൾ ലഷ്കറെയുമായി അകന്നിരുന്നുവെന്നും പാക്ക് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
