Home » Blog » kerala Max » ലക്ഷദ്വീപിൽ വൻ കൂട്ടപ്പിരിച്ചുവിടൽ; പ്രത്യേക നിയമപ്രകാരം 47 ജീവനക്കാരെ പുറത്താക്കി
lakshadweep-bitra-island

<strong>കവരത്തി</strong>: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷൻ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ഈ വർഷം ലക്ഷദ്വീപിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. അഡ്മിനിസ്ട്രേഷന്റെ ഈ പെട്ടെന്നുള്ള തീരുമാനം ദ്വീപ് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്.

ഭരണകൂടം രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് പിരിച്ചുവിടൽ എന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ ദ്വീപുകളിലായി ജോലി ചെയ്യുന്ന 37 മൾട്ടി ടാസ്കിങ് സ്റ്റാഫ്, 6 അപ്പർ ഡിവിഷൻ ക്ലർക്കുമാർ, 3 ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒരു സ്റ്റെനോഗ്രാഫർ എന്നിവരടക്കമുള്ളവരാണ് കൂട്ടനടപടിക്ക് ഇരയായത്. 33 വർഷത്തെ സർവീസ് കാലാവധി പൂർത്തിയാക്കിയവർ, 56 വയസ്സ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്.

ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ തന്നെ ഇവർ സർവീസിന് പുറത്താകും. എങ്കിലും ജീവനക്കാർക്ക് നിയമപരമായ ചില ആനുകൂല്യങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ഒരുമിച്ച് നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ പൂർണ്ണമായും അർഹരായിരിക്കും.