സ്മാർട്ട് സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടം നടത്തുന്ന അബുദാബിയിൽ, റോഡ് വൃത്തിയാക്കുന്നതിനായി സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനം (ഓട്ടോണമസ്) നിരത്തിലിറക്കി. യാത്രയ്ക്കും ചരക്കുനീക്കത്തിനും ഓട്ടോണമസ് വാഹനങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. തലസ്ഥാന നഗരിയുടെ പ്രധാന ആകർഷണ കേന്ദ്രമായ അബുദാബി കോർണിഷ് റോഡുകളിലാണ് ഈ ‘ഓട്ടൊ ഗോ’ റോബോ സ്വീപ്പറിനെ കാണാനാവുക.
മനുഷ്യർ മണിക്കൂറുകൾ എടുത്ത് വൃത്തിയാക്കുന്ന സ്ഥലങ്ങൾ നിമിഷങ്ങൾക്കകം ശുചീകരിക്കാൻ ഈ റോബോ സ്വീപ്പറിന് കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ വർഷങ്ങളായി സർവീസ് നടത്തുന്ന സ്വയം നിയന്ത്രിത യാത്രാ വാഹനങ്ങൾക്ക് പുറമെയാണ് നഗരം വൃത്തിയാക്കാനുള്ള ഈ പുതിയ സംരംഭം.
സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കെ2 അനുബന്ധ സ്ഥാപനമായ ഓട്ടോഗോ ആണ് ഈ സ്മാർട്ട് ശുചീകരണ പദ്ധതി വികസിപ്പിച്ചെടുത്തത്. ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് (ഡിഎംടി) ഇതിന് മേൽനോട്ടം വഹിക്കും.
പ്രധാന സവിശേഷതകൾ
മനുഷ്യ ഇടപെടലില്ലാതെ നഗരം വൃത്തിയാക്കുന്ന റോബോ സ്വീപ്പർ, മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളിലൂടെയാണ് സഞ്ചരിച്ച് ശുചീകരണം നടത്തുക.
റോഡുകൾക്ക് പുറമെ നടപ്പാതകൾ, ചത്വരങ്ങൾ, റണ്ണിങ് ട്രാക്കുകൾ എന്നിവയും ഇത് വൃത്തിയാക്കും.
മുന്നിലുള്ള തടസ്സങ്ങൾ നേരത്തെ മനസ്സിലാക്കി വഴി മാറി സഞ്ചരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.
നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് ഡിഎംടിയിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. സെയ്ഫ് സുൽത്താൻ അൽ നസ്രി പറഞ്ഞു. സ്വയം നിയന്ത്രിത യാത്രാവാഹനം നിലവിൽ സൗജന്യമാണെങ്കിലും, വ്യാവസായികാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്ന അടുത്ത വർഷം മുതൽ ഇതിന് പണം ഈടാക്കും.
