66680fc459ec45e8521b8823c26745586aa746534a388a35618766a3cfbb8d49.0

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും യുവതാരം സർഫറാസ് ഖാനെ ഇന്ത്യ ‘എ’ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തി. റിഷഭ് പന്തിന്റെ തിരിച്ചുവരവിനു വേണ്ടിയാണ് സർഫറാസിനെ തഴയുന്നതെന്ന ആരോപണവും നിലനിൽക്കെയാണ് ബിസിസിഐയുടെ വിശദീകരണം.

സർഫറാസിനെ ഇന്ത്യ ‘എ’ ടീമിൽ നിന്ന് ഒഴിവാക്കിയതിൻ്റെ പ്രധാന കാരണം താരത്തിൻ്റെ ഫിറ്റ്നസും ഫോമും ആണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയത് ഇങ്ങനെ, “സർഫറാസ് ക്വാഡ്രിസെപ്‌സ് പരിക്ക് മൂലം പുറത്തായിരുന്നു. അദ്ദേഹം അടുത്തിടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നാലെ രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ട് കളിച്ചു. വളരെക്കാലത്തിനുശേഷം അദ്ദേഹം കളിക്കുന്ന ഒരേയൊരു മത്സരം ഇതാണ്. ഇന്ത്യ ‘എ’ ടീമിലേക്ക് സർഫറാസിനെ തിരികെ കൊണ്ടുവരുന്നതിനുമുമ്പ് സെലക്ടർമാർ രഞ്ജി സീസണിൽ അദ്ദേഹത്തിൻ്റെ ഫോം വിലയിരുത്തും. അദ്ദേഹത്തിന് ഉടൻ തന്നെ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യ ‘എ’ – ദക്ഷിണാഫ്രിക്ക ചതുർദിന അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽനിന്നും സർഫറാസിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *