Home » Blog » Uncategorized » രാജ്യത്ത് സർക്കാർ സ്‌കൂളുകൾ പൂട്ടിക്കെട്ടുന്നു; സ്വകാര്യ വിദ്യാലയങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്
school-680x450

രാജ്യത്തെ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സ്‌കൂളുകളുടെ എണ്ണം എട്ടുശതമാനം കുറഞ്ഞു. എന്നാൽ സ്വകാര്യ സ്‌കൂളുകൾ കുത്തനെ ഉയരുകയാണ്. 14.9 ശതമാനമാണ് വർധിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ നിലവാരത്തിന്റെ ഇടിവ് സംബന്ധിച്ച സുചനയും റിപ്പോർട്ട് നൽകുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ (2014-2024) രാജ്യത്തുടനീളം 89,441 സർക്കാർ സ്‌കൂളുകൾ നിർത്തലാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ സ്‌കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളിൽ ഒന്നാമത് മധ്യപ്രദേശാണ്. ഏകദേശം 24.1 ശതമാനം സ്‌കൂളുകളാണ് ഇവിടെ പൂട്ടിയത്. ജമ്മു-കശ്മീർ, ഒഡിഷ, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, നാഗാലാൻഡ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി.

അതേസമയം, രാജ്യത്ത് സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ 179 ശതമാനം വളർച്ചയുമായി ബിഹാർ ഒന്നാമതെത്തിയപ്പോൾ, ഉത്തർപ്രദേശ് 45 ശതമാനം വളർച്ച രേഖപ്പെടുത്തി.

രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ആശങ്കാജനകമായ രീതിയിൽ താഴേക്ക് പോകുന്നുവെന്ന് 2024-ലെ എഎസ്ഇആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം സർക്കാർ സ്‌കൂളുകളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 23.4 ശതമാനം പേർക്ക് മാത്രമേ രണ്ടാം ക്ലാസ് ലെവൽ പാഠപുസ്തകം വായിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട് പറയുന്നത്. പഠനനിലവാരത്തിലെ തകർച്ചയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രാജ്യത്തെ സ്‌കൂളുകളെ വരിഞ്ഞുമുറുക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.