f5c71702399b33d19bd8aa7229321fb44ef86d91d5ad6fc9672f0cdfa1cd1adc.0

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ കേരളം ചരിത്രം കുറിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനവും ലോകത്തെ രണ്ടാമത്തെ പ്രദേശവുമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം 2021-ൽ ജനസംഖ്യയുടെ 0.7% മാത്രമാണ് കേരളത്തിൽ ദരിദ്രരായി ഉണ്ടായിരുന്നത്. ഈ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ ഊന്നൽ നൽകിയത്.

പദ്ധതിയുടെ തുടക്കവും രീതിയും

എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുക എന്നത്. ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കേരളത്തിൽ കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കിയത്.

കണ്ടെത്തിയ ഓരോ കുടുംബത്തിനും ഈ മേഖലകളിൽ ആവശ്യമായ സഹായവും സേവനവും ഉറപ്പാക്കാൻ പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ സർക്കാർ സഹായവും വിവിധ പദ്ധതികളിലൂടെ സംയോജിപ്പിച്ചും പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ചുമാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പ്രക്രിയയും പൂർത്തിയായി വരികയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി.

64,006 കുടുംബങ്ങളിൽ 4,421 കുടുംബങ്ങൾ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങൾ) ഇതിനോടകം മരണപ്പെട്ടു. നാടോടികളായി കഴിഞ്ഞിരുന്ന 261 കുടുംബങ്ങളെ വിപുലമായ പരിശോധനകൾ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരാണ്. ഇവർ തിരിച്ചെത്തിയാൽ സംരക്ഷണം നൽകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 47 കേസുകളിൽ ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയ്യാറാക്കിയത്. ഈ കുറവുകൾ ഒഴിവാക്കിയാൽ, നിലവിൽ 59,277 കുടുംബങ്ങളാണ് അതിദരിദ്രരായി പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളായ കമലഹാസൻ എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *