കൊച്ചി: ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് (ഐ.എൽ.ഡി) ശ്വാസകോശ രോഗങ്ങൾക്കായി രാജ്യത്തെ ആദ്യ പാൻ-ഇന്ത്യ ഡിജിറ്റൽ രജിസ്ട്രിയായ ‘ബിൽഡ് ഐഎൽ.ഡി ജിസ്ട്രി ’ (BuILD ILD Registry ) കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു.
അമൃത ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ രജിസ്ട്രി ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി ഡോ. അസ്മിത മേത്തയുടെ നേതൃത്വത്തിൽ അമൃത ഓഫീസ് ഓഫ് ഡിജിറ്റൽ ഗവർണൻസ്, അമൃത ടെക്നോളജി എന്നിവയുടെ മേൽനോട്ടത്തിലാണ് ഇത് രൂപീകരിച്ചത്. അമൃത ടെക്നോളജീസ് സി.ഇ.ഒ പ്രദീപ് അച്ചൻ, ഡോ. ശങ്കരൻ നായർ, ബിഫി ചാക്കോ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
ഇന്ത്യയിലുടനീളമുള്ള 35 പ്രമുഖ കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഈ പദ്ധതി, രോഗനിർണ്ണയം വേഗത്തിലാക്കാനും ചികിത്സാ ഗവേഷണങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് വിഭാഗത്തിലെ രോഗങ്ങളുടെ വകഭേദങ്ങളെ വേഗം തിരിച്ചറിയാനും , നേരത്തെയുള്ള രോഗനിർണ്ണയത്തിനും ചികിസയിലൂടെയുള്ള ഫലപ്രാപ്തി മെച്ചപ്പെടുത്താനും രജിസ്ട്രി ഉപയോഗപ്പെടുമെന്ന് ഡോ. അസ്മിത മേത്ത പറഞ്ഞു.
