നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ദിലീപ് കോടതിയിൽ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് അന്വേഷണ സംഘത്തിനും മാധ്യമങ്ങൾക്കുമെതിരെ ദിലീപ് രംഗത്തെത്തിയത്.
അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന അതീവ രഹസ്യമായ വാദങ്ങൾ പോലും ബോധപൂർവ്വം പുറത്തേക്ക് ചോർത്തുന്നുണ്ടെന്നും ഇത് വിചാരണയെ സാരമായി ബാധിക്കുന്നുണ്ടെന്നും ദിലീപ് കോടതിയിൽ വാദിച്ചു. സാക്ഷി ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെയും ദിലീപ് ഹർജിയിൽ രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുന്നതിന് പകരം ചാനലുകൾക്ക് അഭിമുഖം നൽകാനാണ് അദ്ദേഹം താല്പര്യം കാണിച്ചതെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
ചാനലുകളിൽ അഭിമുഖം നൽകിയ ശേഷമാണ് ബാലചന്ദ്രകുമാർ പോലീസിൽ മൊഴി നൽകിയത്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരടക്കം ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് കോടതിയുടെ അന്തസ്സിനെ ബാധിക്കുമെന്നും ദിലീപ് ആരോപിച്ചു. ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരി 12-ലേക്ക് മാറ്റിയിരിക്കുകയാണ്.
