Home » Blog » kerala Max » രക്ഷാപ്രവർത്തനത്തിലെ വീഴ്ച: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ പരാജയപ്പെട്ടെന്ന് ടി.പി. രാമകൃഷ്ണൻ
images (74)

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പരിഹസിച്ചും അവഹേളിച്ചുമാണ് മന്ത്രിമാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

മത്സ്യത്തൊഴിലാളികളുടെ ജീവന് വിലകൽപ്പിക്കാത്ത യു.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് സി.ഐ.ടി.യു ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാണാതായ തൊഴിലാളികൾക്കായി തിരച്ചിൽ നടത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നാവികസേനയുടെ സഹായം തേടിയില്ലെന്നും ടി.പി. രാമകൃഷ്ണൻ ചോദ്യമുയർത്തി.

 

കഴിഞ്ഞ സർക്കാർ ദുരിതമനുഭവിച്ചവരെ ചേർത്തുപിടിച്ചപ്പോൾ, നിലവിലെ ഫിഷറീസ് മന്ത്രി ആരാണെന്ന് പോലും ദുരിതബാധിതരായ കുടുംബങ്ങൾ ചോദിക്കുന്ന അവസ്ഥയാണെന്ന് സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ, വി. ശിവൻകുട്ടി, എം.എം. അക്ബർ എം.എൽ.എ തുടങ്ങിയ പ്രമുഖ നേതാക്കളും മാർച്ചിന്റെ ഭാഗമായി പങ്കെടുത്തു.