Home » Blog » Kerala » യുവതിയുടെ മരണം: ഭർത്താവ് അതുൽ പോലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ അറസ്റ്റിലേക്ക്

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും. ഇയാളെ നിലവില്‍ പൊലീസ് ചോദ്യംചെയ്യുകയാണ്. അറസ്റ്റിന് സാധ്യതയുണ്ട്. വര്‍ക്കല സ്വദേശിനിയായ ആരതി(27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകളുണ്ടായിരുന്നു. നേരത്തെയും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളും ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ആരതിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു.പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു. ഇന്നലെ രാത്രി അതുലും ആരതിയും വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ ഇക്കാര്യം തന്റെ അമ്മയെ അറിയിച്ച ശേഷമാണ് ആരതി ജീവനൊടുക്കിയത് എന്നാണ് വിവരം.