പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് തങ്ങളുടെ സാംസങ് വാലറ്റിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ഇതിലൂടെ, യുപിഐ ഓൺബോർഡിംഗോ പിൻ നമ്പറോ ഇല്ലാതെ, ബയോമെട്രിക് ഓഥന്റിക്കേഷൻ സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പണമിടപാടുകൾ നടത്താം. ഏറ്റവും പുതിയ ഗാലക്സി സ്മാർട്ട്ഫോണുകൾ സജ്ജീകരിക്കുന്ന ഘട്ടത്തിൽത്തന്നെ യുപിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ അവസരം നൽകുന്ന ആദ്യ കമ്പനിയായി സാംസങ് ഇതോടെ മാറി. അതായത്, സാംസങ് ഗാലക്സി ഫോണുകളുടെ പ്രാഥമിക ക്രമീകരണ വേളയിൽത്തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്റ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ പോലുള്ള ബയോമെട്രിക് ഓഥന്റിക്കേഷൻ ഉപയോഗിച്ച് പിൻ ഇല്ലാതെ യുപിഐ പേയ്മെന്റ് നടത്താം എന്നതാണ് സാംസങ് വാലറ്റിലെ ഏറ്റവും വലിയ പുതിയ പ്രത്യേകത. ഇത് പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. കൂടാതെ, വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്ഡ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പ്രധാന ഓൺലൈൻ വ്യാപാരികളുമായി നേരിട്ട് ഉപയോഗിക്കാം. ഫോറെക്സ് കാർഡുകളും, എ.യു. ബാങ്ക് കാർഡുകളും ഉപയോഗിച്ച് ടാപ്പ് ആൻഡ് പേ വഴിയും ഇടപാടുകൾ നടത്താനുള്ള സൗകര്യം ഈ അപ്ഡേറ്റിൽ ലഭ്യമാണ്
സാംസങ് വാലറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന്, സാംസങ് നോക്സ് സുരക്ഷയാൽ ഇത് പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. അതോടൊപ്പം, ഇത് ഗാലക്സി ഇക്കോസിസ്റ്റവുമായി പൂർണ്ണമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. സാംസങ് വാലറ്റിലെ പുതിയ ഫീച്ചറുകൾ ഉടൻ തന്നെ അവയെ പിന്തുണയ്ക്കുന്ന ഗാലക്സി ഉപകരണങ്ങളിലേക്ക് എത്തുമെന്ന് അധികൃതർ അറിയിച്ചു. “സാംസങ് വാലറ്റ് ഇനി ഒരു പേയ്മെൻ്റ് ആപ്പ് മാത്രമല്ല, ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാതയാണ്,” എന്ന് സാംസങ് ഇന്ത്യ സീനിയർ ഡയറക്ടർ മധുർ ചതുർവേദി അഭിപ്രായപ്പെട്ടു
